വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കണം; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വയനാട് ദുരന്ത മേഖലയില്‍ സേവനത്തിന് കൂടുതല്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള സൈക്യാട്രി വിദഗ്ധ ഡോക്ടര്‍മാരെ കൂടി നിയോഗിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിലെ സൈക്യാട്രിസ്റ്റുകള്‍ക്കും കൗണ്‍സലര്‍മാര്‍ക്കും പുറമേയാണിത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസികാരോഗ്യം ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. വ്യക്തിഗത കൗണ്‍സലിംഗും ഗ്രൂപ്പ് കൗണ്‍സലിംഗും നല്‍കി വരുന്നു. ഇന്ന് 100 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 222 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സലിംഗും 386 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 18 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി. ആരോഗ്യ വകുപ്പിന്റെ ഹെല്‍ത്ത് ടീം ഇതുവരെ 1592 വീടുകള്‍ സന്ദര്‍ശിച്ച് ആരോഗ്യ പരിചരണം ഉറപ്പാക്കി. ഇന്ന് 12 ഹെല്‍ത്ത് ടീമുകള്‍ 274 വീടുകള്‍ സന്ദര്‍ശിച്ചു.