അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായതായി സംസ്ഥാന ആരോഗ്യവകുപ്പ്

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിൽ ആയിരുന്ന ഒരു കുട്ടിക്ക് കൂടി രോഗം ഭേദമായതായി സംസ്ഥാന ആരോഗ്യവകുപ്പ്. നാലുവയസുകാരൻ ആണ് പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്. ജൂലൈ 13-നാണ് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചത്. വിദ​ഗ്ധ പരിശോധനയിൽ മസ്തിഷ്ക ജ്വരത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. നട്ടെല്ലിലെ സ്രവം പരിശോധിച്ച് അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചയുടൻ ചികിത്സ ആരംഭിച്ചു. പിസിആർ ടെസ്റ്റിൽ നൈഗ്ലേറിയ ഫൗളേറി എന്ന അമീബയാണെന്ന് ഉറപ്പാക്കിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയുടെ എട്ടാം ദിവസം കുട്ടിയുടെ സ്രവം നോർമലായെന്നും 24 ദിവസത്തോളം ചികിത്സ തുടർന്നുവെന്നും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ. അബ്ദുൾ റൗഫ് വ്യക്തമാക്കി.