സുൽത്താൻബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ കോളറ ബാധിച്ച് വീട്ടമ്മ മരിച്ചു. താലൂക്കാശുപത്രിയിൽ ചികിത്സയിലുള്ള 22കാരന് കോളറ സ്ഥിരീകരിച്ചു. അതിസാരത്തെത്തുടർന്ന് നൂൽപ്പുഴ പഞ്ചായത്തിലെ പത്തുപേരെയാണ് സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ഐസൊലേഷൻ വാർഡിലാക്കിയിരിക്കുകയാണ്. നിലവിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. നൂൽപ്പുഴ പഞ്ചായത്തിൽ ബുധനാഴ്ച സർവകക്ഷിയോഗം ചേർന്നു. എല്ലാവാർഡുകളിലും ജാഗ്രതാനിർദേശം നൽകി. നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളസ്രോതസുകൾ ക്ലോറിനേഷൻ ചെയ്യുകയും ആളുകൾക്ക് പ്രതിരോധമരുന്നുകൾ നൽകുകയും ചെയ്തിട്ടുണ്ട്.