യു.പിയിൽ ഹെർണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിൻറെ ഉദരത്തിൽ സ്ത്രീ പ്രത്യുൽപാദന അവയവങ്ങൾ കണ്ടെത്തി ഡോക്ടർമാർ. വയറുവേദന അധികരിച്ചതോടെയാണ് രാജ്ഗിർ മിസ്ത്രി ഡോക്ടറെ സമീപിച്ചത്. അൾട്രാസൗണ്ട് സ്‌കാനിങ് നടത്തിയതോടെ ഡോക്ടർ ഹെർണിയയ്ക്ക് ഉള്ള ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയക്കിടെയാണ് ഹെർണിയയ്ക്ക് കാരണമായ മാംസപിണ്ഡം വളർച്ച പൂർത്തിയാകാത്ത ഗർഭപാത്രമാണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. ഗർഭപാത്രത്തിനോട് ചേർന്ന് ഒരു അണ്ഡാശയവും ഉണ്ടായിരുന്നു. തുടർന്ന് ഡോക്ടർമാർ ഇവ നീക്കം ചെയ്തു. സ്ത്രീ പ്രത്യുൽപാദന അവയവങ്ങൾ ഉണ്ടായിരുന്നെങ്കിലും മിസ്ത്രിയ്ക്ക് സ്ത്രീസമാനമായ പ്രത്യേകതകൾ ഒന്നുതന്നെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജനിതകത്തകരാറ് മൂലമാകാം മിസ്ത്രിയ്ക്ക് ഇത് സംഭവിച്ചതാകാമെന്നും അവർ കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയ്ക്ക് ശേഷം മിസ്ത്രി ആരോഗ്യനില വീണ്ടെടുത്തുവരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.