വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ ഇനി ആരും ബാക്കിയില്ലെന്നും രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിച്ചെടുത്തതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പട്ടാളമേധാവി അറിയിച്ചു.എന്നാൽ കാണാതായ ഒട്ടേറെ ആളുകളുണ്ട്. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ സാധിച്ചത് നല്ല ശ്രമത്തിന്റെ ഫലമാണ് . ഈ ശ്രമം തുടരുമെന്നും വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ പ്രദേശത്തേക്ക് ചെന്ന് അവിടെയുള്ള മണ്ണ് നീക്കം ചെയ്ത് അടിയിൽകുടുങ്ങിയ ആളുകളെ കണ്ടെത്തുന്നതിൽ തടസ്സം നേരിട്ടിരുന്നു. ആവശ്യമായ യന്ത്രങ്ങൾ അവിടേക്ക് എത്തിക്കാൻ സാധിക്കാതെ പോയതായിരുന്നു പ്രശ്നം. എന്നാൽ, ഇപ്പോൾ ബെയ്ലി പാലം നിർമിച്ചതോടെ ഇക്കാര്യത്തിൽ വലിയ പുരോഗതി ഉണ്ടായതായും,കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ കണ്ടെത്താനാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.