സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി ബാധിച്ച് ഒരു മരണം. കണ്ണൂരിൽ ചെള്ളുപനി ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കനാണു ശനിയാഴ്ച മരിച്ചത്. രോഗം സങ്കീർണമായി ആന്തരികാവയവങ്ങളെ ബാധിച്ചശേഷമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയത്. ഒറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന പകർച്ചവ്യാധിയാണ് ചെള്ളുപനി. എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളിൽനിന്നാണ് പൊതുവേ ഈ രോഗം മനുഷ്യരിലേക്ക് പകരുന്നത്. മൃഗങ്ങളിൽനിന്ന് നേരിട്ടല്ല രോഗാണുക്കൾ മനുഷ്യരിലെത്തുന്നത്. മൃഗങ്ങളുടെ ശരീരത്തിൽ കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ജീവികളുടെ ലാർവൽ ദശയായ ചിഗ്ഗർ മൈറ്റുകൾ കടിക്കുന്നത് വഴിയാണ് മനുഷ്യരിലേക്ക് രോഗം പകരുന്നത്.