മരണത്തെ മുന്നിൽക്കണ്ടതിനേക്കുറിച്ച് തുറന്നുപറഞ്ഞ് അമേരിക്കൻ ഗായികയും നടിയും അവതാരകയുമായ ടോണി ബ്രാക്സ്റ്റൺ. ഹൃദയാഘാതത്തിന് തൊട്ടടുത്തുനിന്ന് ജീവിതത്തിലേക്ക് തിരികെയെത്തിയതിനേക്കുറിച്ചാണ് ടോണി തുറന്നുപറഞ്ഞത്. തുടക്കത്തിൽ അസ്വാഭാവികമായ പലലക്ഷണങ്ങളും ശരീരത്തിൽ പ്രകടമായെങ്കിലും കാര്യമാക്കിയില്ലെന്നും പിന്നീട് ഗുരുതരമായപ്പോഴാണ് എത്രത്തോളം തീവ്രമായിരുന്നുവെന്ന് മനസ്സിലായതെന്നും ടോണി പറയുന്നു. വിശദമായ പരിശോധനകൾക്കൊടുവിലാണ് രക്തധമനിയിൽ ബ്ലോക്ക് ഉണ്ടെന്നും ഹൃദയാഘാതസാധ്യത കൂടുതലായിരുന്നുവെന്നും കണ്ടെത്തിയത്. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ് തിരിച്ചറിഞ്ഞ് ചികിത്സിക്കാനായി എന്നും അവർ പറയുന്നു. ഹൃദയത്തിലെ പ്രധാന രക്തധമനിയുടെ എൺപത് ശതമാനവും ബ്ലോക്ക് ആണെന്നാണ് ഡോക്ടർ പറഞ്ഞത്. ഹൃദയാഘാതം ഉണ്ടായെങ്കിൽ തനിക്ക് അതിജീവിക്കാൻ കഴിഞ്ഞേക്കില്ല. ലക്ഷണങ്ങൾ കണ്ടയുടൻ വൈകാതെ ടെസ്റ്റ് ചെയ്തതാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും ടോണി പറയുന്നു.