ആലപ്പുഴ കായംകുളം താലൂക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഏഴുവയസ്സുള്ള കുട്ടിയുടെ തുടയിൽ സൂചി കുത്തിക്കയറിയ സംഭവത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരോടു വിശദീകരണം തേടി. ഉപയോഗിച്ചശേഷം അലക്ഷ്യമായിട്ട സൂചിയാണ് കുട്ടിയുടെ കാലിൽ കുത്തിക്കയറിയത്. അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന 11 ജീവനക്കാരോടാണ് വിശദീകരണം തേടിയത്. ഇവർ 12 ദിവസത്തിനകം വിശദീകരണം നൽകണം.സംഭവം നടന്ന ജൂലായ് 19-ന് താലൂക്കാശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സതേടിയ മുഴുവൻ ആളുകളുടെയും വിശദാംശങ്ങൾ ആരോഗ്യവകുപ്പ് തേടി. പനി ബാധിച്ച് എത്തിയതായിരുന്നു കുട്ടി. അത്യാഹിതവിഭാഗത്തിലെത്തിച്ച് കുട്ടിയെ കട്ടിലിൽ കിടത്തി. അപ്പോഴാണ് സൂചി തുടയിൽ തുളച്ചുകയറിയത്. മറ്റൊരു രോഗിയെ കുത്തിവെച്ചശേഷം സൂചി ഉൾപ്പെടുന്ന സിറിഞ്ച് അലക്ഷ്യമായി ജീവനക്കാർ കട്ടിലിൽ ഇട്ടിട്ടുപോയതാണെന്നു കരുതുന്നു. സൂചി കുത്തിക്കയറിയതിനാൽ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിച്ച് എച്ച്.ഐ.വി. ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തേണ്ടി വന്നു. കുട്ടിക്ക് ഏഴുവർഷം തുടർച്ചയായി എച്ച്.ഐ.വി. ടെസ്റ്റ് നടത്തണം. മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.