സംസ്ഥാനത്ത് ഈ വർഷം ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ 3809 പരിശോധനകളിലായി ചുമത്തിയത് 24,68,500 രൂപ പിഴ. ജനുവരി മുതൽ ജൂലൈ വരെ നടത്തിയ പരിശോധനകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത 580 സ്ഥാപനങ്ങളുടെ പേരിൽ നടപടിയെടുത്തു. പഴകിയതും വൃത്തിയില്ലാത്തതുമായ രീതിയിൽ ഭക്ഷണമുണ്ടാക്കിയതിനും പുറമെ ഭക്ഷണങ്ങളിൽ കൃത്രിമ നിറം ചേർത്തതിനുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏറ്റവും കൂടുതൽ പിഴയിട്ടിട്ടുള്ളത്. ഹോട്ടലുകളും ബേക്കറികളും പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുക, ആഹാരസാധനങ്ങൾ അടച്ചുവയ്ക്കാതിരിക്കുക, ഈച്ചശല്യം ഒഴിവാക്കാതിരിക്കുക, വെള്ളം ഒഴിഞ്ഞുപോകാൻ കൃത്യമായ സംവിധാനം ഇല്ലാതിരിക്കുക, ഫ്രീസർ വൃത്തിയായി സൂക്ഷിക്കാതിരിക്കുക എന്നീ കാരണങ്ങൾക്കും പിഴ ഈടാക്കി. ബിരിയാണി, കുഴിമന്തി, ചിക്കൻ ഫ്രൈ, ചില്ലിചിക്കൻ, ബീഫ് ഫ്രൈ എന്നിവയിലൊക്കെ നിറം ചേർത്ത് വിൽപ്പന നടത്തുന്നുണ്ട്. ടാർട്രസിൻ പോലുള്ള നിറങ്ങളാണ് ഭക്ഷണത്തിൽ ചേർക്കുന്നത്. കരൾ, വൃക്ക എന്നിവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതാണ് ഈ നിറം. ബേക്കറി ഉത്പന്നങ്ങളിൽ അനുവദനീയമായ അളവിൽ നിറം ചേർക്കാം പക്ഷേ അത് പലപ്പോഴും ലംഘിക്കപ്പെടുന്നുണ്ടെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കി.