സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ മെഡിക്കൽ കോളേജുകളിലേയും ദന്തൽ കോളേജുകളിലേയും ഹൗസ് സർജൻമാരുടേയും റെസിഡന്റ് ഡോക്ടർമാരുടേയും സ്റ്റൈപന്റ് വർധിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജൂലൈ 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ഉത്തരവിറക്കിയത്. ദീർഘകാല ആവശ്യത്തിന് ഒടുവിലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. മെഡിക്കൽ, ദന്തൽ വിഭാഗം ഹൗസ് സർജൻമാരുടെ സ്റ്റൈപന്റ് 27,300 രൂപയാക്കി. ഒന്നാം വർഷ മെഡിക്കൽ, ദന്തൽ വിഭാഗം പി.ജി. ജൂനിയർ റസിഡന്റുമാർക്ക് 57,876 രൂപയും രണ്ടാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 58,968 രൂപയും മൂന്നാം വർഷ ജൂനിയർ റസിഡന്റുമാർക്ക് 60,060 രൂപയുമാക്കി സ്റ്റൈപന്റ് വർധിപ്പിച്ചു. മെഡിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി പി.ജി. ഒന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 68,796 രൂപയും രണ്ടാം വർഷ സീനിയർ റെസിഡന്റുമാർക്ക് 70,980 രൂപയും മൂന്നാം വർഷ സീനിയർ റെസിഡന്റുമാർക്ക് 73,164 രൂപയുമാക്കി. മെഡിക്കൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 76,440 രൂപയും ദന്തൽ ബോണ്ടഡ് പോസ്റ്റിംഗിലെ സീനിയർ റസിഡന്റുമാർക്ക് 73,500 രൂപയും കോണ്ട്രാക്ട് പോസ്റ്റിംഗ് സീനിയർ റെസിഡന്റുമാർക്ക് 73,500 രൂപയുമാക്കിയാണ് സ്റ്റൈപന്റ് വർധിപ്പിച്ചത്.