വ്യാപകമായ അഴിമതിയെ തുടർന്ന് പ്രതിസന്ധിയിലായ നീറ്റ് പരീക്ഷ നടത്തണോ വേണ്ടയോ എന്ന ചർച്ചകൾക്കിടെ ഈ വിഷയത്തിൽ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞു തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് ഇതിനെല്ലാമുള്ള ഒരേയൊരു വഴിയെന്ന് പാർട്ടി ചടങ്ങിനിടെ അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ നിർത്തലാക്കാനുള്ള തമിഴ്നാട് സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ പിന്തുണക്കുന്നതായും വിജയ് അറിയിച്ചു. നീറ്റ് പരീക്ഷയിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് വിജയ് പറഞ്ഞു. ഈ രാജ്യത്തിന് നീറ്റ് ആവശ്യമില്ല. ഇതൊഴിവാക്കുകയെന്നാണ് ഈ പ്രശ്നത്തിലുള്ള ഒരേയൊരു പോംവഴി. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്നു. തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരം കേന്ദ്രസർക്കാർ ഉൾക്കൊള്ളണം. കൺകറന്റ് ലിസ്റ്റിൽനിന്ന് സ്റ്റേറ്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം കൊണ്ടുവരണമെന്നും വിജയ് ആവശ്യപ്പെട്ടു. നീറ്റിനെതിരെ തമിഴ്‌നാട്ടിൽ നടക്കുന്ന ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് താരത്തിന്റെ പരാമർശം.