കേരളത്തിൽ നിപ ബാധിച്ച് വിദ്യാർഥി മരിച്ച സംഭവത്തിന് പിന്നാലെ, ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നതിനെതിരെ
ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യ പ്രശ്നങ്ങളെ ഒന്നിച്ച് നേരിടേണ്ടതാണെന്നും അതിനു നടുവിൽ ഒരു സമൂഹം പൊരുതി കൊണ്ടിരിക്കുമ്പോൾ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം തകർക്കുന്നത് ഒരു പൊതുജനാരോഗ്യ പ്രവർത്തനം അല്ലെന്നും നമ്മുടെ ചില ‘പൊതുജനാരോഗ്യ വിദഗ്ധരെ’ ആരാണ് പറഞ്ഞു മനസ്സിലാക്കുകയെന്നും മന്ത്രി ഫേസ്ബുക്ക് കുറിച്ചു. ലോകത്ത് മറ്റെല്ലായിടത്തും നിപ വൈറസ് എങ്ങനെയാണ് വൈറസ് വവ്വാലുകളിൽ നിന്നും മനുഷ്യനിൽ എത്തുന്നത് എന്നത് സംശയത്തിന് അതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും കേരളത്തിൽ മാത്രം അത് ഇതുവരെ സാധ്യമായില്ലെന്നുമുള്ള പ്രചാരണത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. കേരളത്തിൽ നിപ ബാധിച്ചിട്ടുള്ള എല്ലാ ജില്ലകളിലും അതിനോട് ചേർന്ന് കിടക്കുന്ന ജില്ലകളിലും വൈറസിന്റെയോ ആന്റിബോഡിയുടെയോ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് മറ്റൊരിടത്തും നിപ ഉണ്ടായ ഇടങ്ങളിലെല്ലാം ഇത് സാധ്യമായിട്ടില്ലെന്നും മന്ത്രി കുറിച്ചു.