ത്രിപുരയിൽ ആശങ്കയായി വിദ്യാർഥികൾക്കിടയിലെ എച്ച്.ഐ.വി. വ്യാപനം എന്ന് റിപ്പോർട്ട്. വൈറസ് ബാധിച്ച് ഇതിനകം 47 വിദ്യാർഥികൾ മരിച്ചു. 828 പേർക്കാണ് രോഗം ബാധിച്ചത്. ത്രിപുര സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വൈറസ് ബാധിച്ചവരിലേറെയും സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണെന്നും അധികൃതർ വ്യക്തമാക്കി. 220 സ്കൂളുകൾ, 24 കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ദിനംപ്രതി അഞ്ചുമുതൽ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികൾക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തേക്കുറിച്ച് വീട്ടുകാർ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.