അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി

തലച്ചോറിനെ കാർന്നു തിന്നുന്ന അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള 12 വയസ്സുകാരന്റെ ആരോഗ്യനിലയിൽ പുരോഗതി. കുട്ടിയെ തീവ്രപരിചരണവിഭാഗത്തിൽനിന്ന് മുറിയിലേക്ക് മാറ്റിയാതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. തൃശ്ശൂർ പാടൂർ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥിയാണ് രോഗബാധിതനായി ചികിത്സയിൽ കഴിയുന്നത്. ജൂൺ ഒന്നിന് പനിയെ തുടർന്ന് കുട്ടി പാടൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. പിന്നാലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിലേക്കും മാറ്റി. തുടർന്ന് നടത്തിയ സ്രവപരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില മോശമായതോടെ വെന്റിലേറ്ററിലേക്കും മാറ്റിയിരുന്നു. കാലുകളുടെ ചലനക്ഷമത പൂർണമായും വീണ്ടെടുക്കുന്നതിനുള്ള ഫിസിയോതെറാപ്പി കൂടി പൂർത്തിയാക്കി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുട്ടിക്ക് ആശുപത്രിയിൽനിന്ന് മടങ്ങാനാകുമെന്നാണ് കരുതുന്നതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.