കുട്ടികൾ ലഹരിക്കായി മരുന്ന് ദുരുപയോഗംചെയ്യുന്നത് തടയാൻ പുതിയനീക്കവുമായി 6 ജില്ലകൾ. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും. ഒരുമാസത്തിനകം ക്യാമറകൾ വെക്കണമെന്ന് മലപ്പുറത്ത് കളക്ടർ ഉത്തരവിറക്കി. മറ്റുജില്ലകളിലും സമാനരീതി പിന്തുടരും. ഡോക്ടറുടെ കുറിപ്പടിയോടെമാത്രം വിൽക്കേണ്ട ഷെഡ്യൂൾ എക്‌സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തിൽപ്പെട്ട മരുന്നുകൾ വിൽക്കുന്ന എല്ലാ മെഡിക്കൽ ഷോപ്പുകളിലും ഫാർമസികളിലും നിരീക്ഷണക്യാമറ ഒരുക്കാനാണ് നിർദേശം. ക്യാമറകൾ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി പരിശോധിക്കണം. ക്യാമറാദൃശ്യം ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അതോറിറ്റി, ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ എന്നിവർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്‌സ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ എന്നിവർചേർന്ന് കർമപദ്ധതി നടപ്പാക്കുകയാണ്.