ട്രാഫിക് സിഗ്നലിലെ അമിത ശബ്ദം ജീവനുതന്നെ ഭീഷണിയെന്ന് മുന്നറിയിപ്പ്. സര്‍ക്കുലേഷന്‍ റിസേര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നും ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത കൂട്ടുമെന്നും പഠനം പറയുന്നു. ട്രാഫിക് ശബ്ദത്തിലെ ഓരോ 10 ഡെസിബല്‍ ശബ്ദ വര്‍ധനവും രോഗസാധ്യതകള്‍ 3.2 ശതമാനം വര്‍ധിപ്പിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. ജര്‍മനിയിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. രാത്രികാലങ്ങളില്‍ ഈ ശബ്ദം സ്വാഭാവിക ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം. കൂടാതെ രക്ത ധമനികളിലെ സമ്മര്‍ദ്ധ ഹോര്‍മോണുകളുടെ തോത് വര്‍ധിപ്പിക്കുകവഴി ശരീരത്തില്‍ നീര്‍ക്കെട്ടും രക്ത സമ്മര്‍ദ്ധത്തിന്റെ തോത് വര്‍ധിക്കുന്നതിനും ഇടയാക്കാം. ഈ അവസ്ഥ ഒഴിവാക്കുന്നതിന് യാത്രക്കാര്‍ പൊതുഗതാഗതം ഉപയോഗിക്കുന്നതും, ചെറു യാത്രകള്‍ക്ക് സൈക്കിളിനെ ആശ്രയിക്കുന്നതും ഉചിതമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.