കാൻസറിനുള്ള മരുന്നുകൾ വിലകുറച്ച് രോഗികൾക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്

കാൻസറിനുള്ള മരുന്നുകൾ വിലകുറച്ച് രോഗികൾക്ക് ലഭ്യമാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ആരോഗ്യവകുപ്പ്. വിലകൂടിയ മരുന്നുകൾ ഉൾപ്പെടെ ലാഭമെടുക്കാതെ കമ്പനിവിലയ്ക്ക് രോഗികൾക്ക് ലഭ്യമാക്കും. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്കുശേഷം ഉപയോഗിക്കുന്ന മരുന്നുകളും ഇതുപോലെ നൽകും. മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ കാരുണ്യ ഫാർമസികൾ വഴിയായിരിക്കും വിതരണം. ഇതിനായി കാരുണ്യഫാർമസികളിൽ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ ആരംഭിക്കും. ജൂലായ് 15-നകം പദ്ധതി നടപ്പാക്കാനാണ് മന്ത്രിയുടെ നിർദേശം. 800 തരം മരുന്നുകൾ ഇങ്ങനെ രോഗികൾക്ക് ലഭ്യമാകും. എല്ലാ ജില്ലകളിലെയും പ്രധാന കാരുണ്യഫാർമസികൾ വഴിയായിരിക്കും തുടക്കത്തിൽ ഈ സേവനം നൽകുക.