ആലപ്പുഴയിൽ പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കാൻ കുറച്ചുകാലത്തേക്ക് പക്ഷിവളർത്തൽ നിരോധിക്കാനുള്ള നീക്കം പ്രായോഗികമല്ലെന്ന് കേന്ദ്രസംഘം ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ദേശാടനപ്പക്ഷികൾ വഴിയാണ് പക്ഷിപ്പനി വരുന്നത്. എല്ലാവർഷവും രോഗം പടരാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ നിശ്ചിതകാലത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതിൽ കാര്യമില്ലെന്നാണ് കേന്ദ്ര സംഘത്തിന്റെ നിരീക്ഷണം. തന്നെയുമല്ല, ലോകത്ത് ഒരിടത്തും അത്തരം രീതി സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്രസംഘം കളക്ടറെ അറിയിച്ചു. സംസ്ഥാന മൃഗസംരക്ഷണവകുപ്പ് പക്ഷിവളർത്തൽ നിരോധനത്തിൽനിന്ന് പൂർണമായും പിന്നോട്ടുപോയിട്ടില്ലെന്നാണ് വിവരം. സംസ്ഥാനം നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ പഠനറിപ്പോർട്ട് കിട്ടിയശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നാണ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. അതേസമയം പക്ഷി വളർത്തൽ താത്കാലികമായി നിരോധിക്കാനുള്ള നീക്കം തുടങ്ങിയപ്പോൾത്തന്നെ എതിർപ്പുമായി കർഷകർ രംഗത്തുവന്നിരുന്നു. ആരോഗ്യത്തോടെ വളരുന്ന കോഴികളെ കൊല്ലുന്നതാണ് എതിർപ്പിനിടയാക്കിയത്.