മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി. ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരും.