ലോകത്താദ്യമായി അപസ്മാരം നിയന്ത്രിക്കാൻ 13-കാരന്റെ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിച്ചതായി റിപ്പോർട്ട്. ഓറൻ നോൾസന്റെ മസ്തിഷ്കത്തിൽ ആണ് ചിപ്പ് വെച്ചുപിടിപ്പിച്ചിട്ടുള്ളത്. ചിപ്പ് വെച്ചുപിടിപ്പിച്ചത്തോടെ പകൽസമയത്തെ അപസ്മാരപ്രശ്നങ്ങൾ 80 ശതമാനം കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു. ഇതോടെ അപസ്മാരം നിയന്ത്രിക്കാൻ മസ്തിഷ്കത്തിൽ ചിപ്പ് വെച്ചുപിടിപ്പിക്കുന്ന ലോകത്തെ ആദ്യ വ്യക്തിയായി ഈ ബ്രിട്ടീഷ് ബാലൻ. ചികിത്സിച്ചുഭേദമാക്കാൻ പ്രയാസമായ അപസ്മാരമാണ് നോൾസന്റേത്. മൂന്നാംവയസ്സിൽ പിടിപെട്ട രോഗം ഏതുസമയവും പ്രകടമാകുമെന്നതിനാൽ 24 മണിക്കൂറും ശ്രദ്ധ വേണം. ലണ്ടനിലെ ഗോഷ് ആശുപത്രിയിലെ ഡോക്ടർമാരാണ് ഓറന്റെ തലയോട്ടിക്കകത്ത് ചിപ്പ് വെച്ചത്. ഈ ചിപ്പിൽനിന്നുള്ള നേരിയ വൈദ്യുതതരംഗങ്ങൾ അപസ്മാരമുണ്ടാക്കുന്ന തരംഗങ്ങളെ തടയും. ഗോഷിലെ ശിശുരോഗവിഭാഗം ന്യൂറോസർജനായ മാർട്ടിൻ ടിസ്ഡാലാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ്, കിങ്‌സ് കോളേജ് ആശുപത്രി, ഓക്സ്‌ഫഡ് സർവകലാശാല എന്നിവയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ ഒക്ടോബറിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓറന് ശസ്ത്രക്രിയ നടത്തിയത്. ബ്രിട്ടീഷ് കമ്പനിയായ ആംബർ തെറാപ്യൂട്ടിക്സാണ് ചിപ്പിന്റെ നിർമാതാക്കൾ.