വീണ്ടും തലപൊക്കി കൊതുകുജന്യ രോഗങ്ങൾ, ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ്

എറണാകുളം ജില്ലയിൽ കൊതുകുജന്യരോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലും, മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാലും ഓരോ സ്ഥാപനത്തിന്റെയും അല്ലെങ്കിൽ വീടിന്റെയും പരിസരത്ത് കൊതുകിൻ്റെ പ്രജനനം ഇല്ല എന്നും, കൊതുക് വളരാൻ ഉള്ള സാഹചര്യം ഇല്ല എന്നും ഉറപ്പാക്കണമെന്നു ജില്ലാ ആരോഗ്യ വകുപ്പ്. കേരള നിയമസഭ പാസ്സാക്കിയ കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരം സ്ഥാപനത്തിൻ്റെയോ വീടിൻ്റെയോ ഉള്ളിലോ പരിസരത്തോ കൊതുകിന്റെ പ്രജനനം കാണപ്പെടുക, പ്രജനനത്തിന് കാരണമാകുന്ന തരത്തിൽ വെള്ളം കെട്ടിനിൽകുക, തോട്ടങ്ങളിലെ ചിരട്ടകൾ, പാളകൾ തുടങ്ങിയവയിൽ കൊതുക് വളരുന്ന സാഹചര്യം കാണപ്പെടുക, കൊതുക് നിയന്ത്രണ നിർദ്ദേശങ്ങൾ ലംഘിക്കുക എന്നിവ കുറ്റകരവും ശിക്ഷാർഹവുമാണ്. ഓരോ കുറ്റത്തിനും കേരള പൊതുജനാരോഗ്യനിയമം 2023-ലെ വിവിധ വകുപ്പുകൾ പ്രകാരം 10,000/- രൂപ വരെ പിഴ ഈടാക്കുന്ന ശിക്ഷ ലഭിക്കുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ഇനിയൊരു അറിയിപ്പ് കൂടാതെ തന്നെ കേരള പൊതുജനാരോഗ്യനിയമം 2023 പ്രകാരം അതാത് ഇടങ്ങളിലെ പ്രാദേശിക പൊതുജനാരോഗ്യ ആഫീസർമാരോ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരോ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും എന്നും ജില്ലാ പൊതുജനാരോഗ്യ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ വ്യക്തമാക്കി.