പുരാതന ഈജിപ്തുകാർ അർബുദത്തിനു ചികിത്സ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പഠന റിപ്പോർട്ട്. ജർമനിയിലെ ട്യൂബിൻഗെൻ, ഇംഗ്ലണ്ടിലെ കേംബ്രിജ്, സ്പെയിനിലെ ബാഴ്സലോണ തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന മസ്തിഷ്കാർബുദ രോഗികളുടേതെന്നു കരുതുന്ന തലയോട്ടിയെ ആധാരമാക്കിയാണ് പഠനം നടത്തിയത്. അക്കാലത്ത് അർബുദത്തിനുണ്ടായിരുന്ന പങ്കിനേക്കുറിച്ച് പഠിക്കാനാണ് പഠനം നടത്തിയത്. കേംബ്രിജ് സർവകലാശാലയിലെ തലയോട്ടികളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. രണ്ട് മനുഷ്യരുടെ തലയോട്ടികളെ കേന്ദ്രീകരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഒന്ന് സ്ത്രീയുടേയും മറ്റൊന്ന് പുരുഷന്റേതുമായിരുന്നു. തലയോട്ടിയിലെ മുറിവിന്റെ പാടുകൾ പരിശോധിച്ചാണ് പുരാതന ഈജിപ്തുകാർ അർബുദ ചികിത്സയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. ഫ്രോൺടിയേഴ്സ് ഇൻ മെഡിസിൻ എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോശങ്ങളുടെ അസാധാരണ വളർച്ചയും വലിയ ക്ഷതവുമൊക്കെ മൈക്രോസ്കോപിക് പരിശോധനയിൽ കണ്ടെത്താനായി. തലയോട്ടിയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള ക്ഷതങ്ങളും മുറിപ്പാടുകളും കണ്ടെത്തി. ഇത് കൂർത്ത വസ്തുക്കൾ കൊണ്ടോ മെറ്റൽ ഉപകരണങ്ങൾ കൊണ്ടോ അർബുദ ചികിത്സ നടത്താൻ ശ്രമിച്ചതിന്റെ ഭാഗമാവാം എന്നാണ് ഗവേഷകർ കരുതുന്നത്.