ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു

ന്യൂഡിൽസ് കഴിച്ചതിനെത്തുടർന്ന് ഏഴ് വയസുകാരൻ മരിച്ചു. ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. കുട്ടിയെക്കൂടാതെ ആറ് കുടുംബാം​ഗങ്ങൾ ​ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ പിലിഭിത്തിലാണ് സംഭവം. ഡെറാഡൂൺ സ്വദേശിയായ രാഹുൽ കുമാർ ആണ് മരണപ്പെട്ടത്.

ഉച്ചഭക്ഷണമായി നൂഡിൽസ് കഴിച്ചതിന്റെ അടുത്ത ദിവസം എല്ലാവർക്കും കഠിനമായ വയറുവേദനയും അതിസാരവും അനുഭവപ്പെടുകയും ആരോ​ഗ്യനില വഷളായതോടെ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. എന്നാൽ രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. സീമയും സന്ധ്യയും വിവേകും സീമയുടെ മൂന്നു സഹോദരങ്ങളും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വിവേക് എന്ന ആളുടെ നില വളരെ ​ഗുരുതരമാണ്. റായ്ബറേലി ജില്ലാ ആശുപത്രിയിലും പിലിഭിത്തിലെ സാമൂഹിക ചികിത്സാ കേന്ദ്രത്തിലുമാണ് ഇവർ ചികിത്സയിലുള്ളത്. വിവേക് ഒഴികെയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് സാമൂഹിക ചികിത്സാ കേന്ദ്രത്തിലെ അധികൃതർ പറഞ്ഞതായി ഒരു സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്തു.