സ്വന്തമായി വികസിപ്പിച്ച വാക്സിൻ സ്വീകരിച്ച റിച്ചാർഡ് സ്കോല്യർ കാൻസർ മുക്തനായി

അപകടകാരിയായ മസ്തിഷ്കാർബുദത്തോട് പോരാടി ജീവിതം തിരികെപ്പിടിക്കുന്ന റിച്ചാർഡ് സ്കോല്യർ എന്ന പ്രൊഫസറുടെ വാർത്തയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ‍ഡോക്ടറായ ഇദ്ദേഹം സ്വന്തമായി വികസിപ്പിച്ച ചികിത്സയിലൂടെയാണ് മാരക മസ്തിഷ്കാർബുദത്തെ തോൽപിച്ചത്. ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്തിഷ്കാർബുദമാണ് റിച്ചാർഡിനെ ബാധിച്ചത്. രോ​ഗം സ്ഥിരീകരിക്കുമ്പോൾ അമ്പത്തിയേഴ് വയസ്സായിരുന്നു അദ്ദേഹത്തിന്. ഈ അർ‌ബുദം ബാധിച്ചാൽ അതിജീവിക്കാനുള്ള സാധ്യത വെറും പന്ത്രണ്ടുമാസമാണ്. എന്നാൽ ഈ മേഖലയിലെ അറിവുവച്ച് സ്വയം ചികിത്സ വികസിപ്പിക്കുകയായിരുന്നു റിച്ചാർഡ്. മെലനോമ റിസർച്ചിലുള്ള ​വൈദ​ഗ്ധ്യം വച്ച് അദ്ദേഹം ഇമ്മ്യൂണോതെറാപ്പി ചികിത്സ സ്വീകരിച്ചു. ഓസ്ട്രേലിയയിലെ മെലനോമ ഇൻസ്റ്റിറ്റ്യൂട്ടിലെ സുഹൃത്തും സഹപ്രവർത്തകയുമായ പ്രൊഫസർ ജോർജിന ലോങ്ങിനൊപ്പമാണ് ചികിത്സ വികസിപ്പിച്ചത്. ചികിത്സയ്ക്കു പിന്നാലെ കരളിന് പ്രശ്നങ്ങൾ, ന്യുമോണിയ തുടങ്ങിയവ അനുഭവപ്പെട്ടിരുന്നുവെങ്കിലും ഒരു വർഷത്തിനുള്ളിൽ തന്നെ അവയെല്ലാം ഭേദമാവുകയും കാൻസർ മുക്തമാവുകയും ചെയ്തു എന്ന് റിച്ചാർഡ് കൂട്ടിച്ചേർത്തു. നോവൽ ഇമ്മ്യൂണോതെറാപ്പി ചികിത്സാ രീതിയാണ് റിച്ചാർഡ് സ്വീകരിച്ചത്. ഒരുകൂട്ടം മരുന്നുകൾക്കൊപ്പം ഇമ്മ്യൂണോതെറാപ്പിയും ചെയ്യുമ്പോൾ മികച്ച ഫലം ലഭിക്കുന്നുവെന്ന് ഇവരുടെ ഗവേഷക സംഘം കണ്ടെത്തി. ട്യൂമറിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള വ്യക്തി​ഗതമായി വികസിപ്പിച്ച ആദ്യത്തെ വാക്സിൻ സ്വീകരിച്ചയാൾ റിച്ചാർഡാണ്.