തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.