കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. നാവിന് പ്രശ്‌നങ്ങൾ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ് ബന്ധുക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വാക്കാലെങ്കിലും അറിയിക്കണം എന്നായിരുന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. അതേസമയം, മെഡിക്കൽ ബോർഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡി.എം.ഒയ്ക്ക് കത്തുനൽകും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. വ്യാഴാഴ്ച രാവിലെയാണ് കൈവിരലിന് ചികിത്സതേടിയെത്തിയ ചെറുവണ്ണൂർ സ്വദേശികളുടെ 4 വയസ്സുള്ള മകൾക്ക് നാവിന് കെട്ട് മാറ്റാനായി ശസ്ത്രക്രിയ ചെയ്തത്. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോർട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടി വ്യാഴാഴ്ചതന്നെ ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.