മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന

മൂത്രം പരിശോധിച്ച് ആരോഗ്യം വിലയിരുത്തുന്ന സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ആരംഭിച്ച് ചൈന. ബീജിങ്‌, ഷാങ്‌ഹായ്‌ പോലുള്ള നഗരങ്ങളിൽ പുരുഷന്മാർക്കായാണ്‌ ആദ്യ ഘട്ടത്തിൽ ഇത്തരം ശുചിമുറികൾ സജ്ജമാക്കിയിരിക്കുന്നത്‌. പല തരത്തിലുള്ള പരിശോധനകൾ ഈ പബ്ലിക്‌ ശുചിമുറിയിലെ സ്‌മാർട്ട്‌ യൂറിനലുകൾ നടത്തും. സ്വകാര്യ കമ്പനി വഴി നടപ്പാക്കുന്നതിനാൽ ഇതിന്‌ ചെറിയൊരു തുക ഉപഭോക്താവ്‌ നൽകണം. വീചാറ്റിലൂടെ പണം അടച്ച്‌ സ്മാർട്ട് ടോയ്‌ലെറ്റുകളിൽ മൂത്രമൊഴിച്ച്‌ കഴിഞ്ഞാൽ ഏതാനും മിനിട്ടുകൾക്കുള്ളിൽ തന്നെ പരിശോധന ഫലം ഫോണിലേക്ക്‌ എത്തും. ആരോഗ്യ പ്രശ്‌നങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ്‌ ചികിത്സ തേടുന്നതിലേക്ക്‌ ഇത്തരം സ്‌മാർട്ട്‌ ടോയ്‌ലറ്റുകൾക്ക്‌ വലിയ സംഭാവന നൽകാൻ കഴിയുമെന്ന്‌ ആരോഗ്യ വിദഗ്‌ധർ വ്യക്തമാക്കുന്നു. ഇത്തരം ശുചിമുറികൾ ചൈനയിൽ ആകമാനം സ്ഥാപിക്കാനൊരുങ്ങുകയാണ്‌ കമ്പനി. എന്നാൽ ഇത്തരം സ്‌മാർട്ട്‌ പബ്ലിക് ടോയ്ലറ്റുകൾ ഡോക്ടർമാർക്ക്‌ പകരമല്ലെന്നും ഡോക്ടറുടെ അടുത്തേക്ക്‌ നേരത്തെയുള്ള രോഗനിർണ്ണയത്തിനെത്താൻ ആളുകളെ പ്രേരിപ്പിക്കുകയാണ്‌ ഇവയുടെ ഉദ്ദേശ്യമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു.