വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധയെ സംബന്ധിച്ച് കളക്ടറുടെ ഉത്തരവ് പ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ. അന്വേഷണം തുടങ്ങി

വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോഗബാധയെ സംബന്ധിച്ച് കളക്ടറുടെ ഉത്തരവ് പ്രകാരം മൂവാറ്റുപുഴ ആർ.ഡി.ഒ. അന്വേഷണം തുടങ്ങി. തിങ്കളാഴ്ച വേങ്ങൂരിലെത്തിയ ആർ.ഡി.ഒ. ഷൈജു പി. ജേക്കബ് ചൂരത്തോടുള്ള ജല അതോറിറ്റി പമ്പ് ഹൗസിലും പരിസരത്തും പരിശോധന നടത്തി. മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച ജോളി രാജു, കാർത്ത്യായനി എന്നിവരുടെ വീടുകളിൽ എത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ വീട്ടിലും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ജോമോന്റെ വീട്ടിലും എത്തി വിവരങ്ങൾ ശേഖരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ, മെഡിക്കൽ ഓഫീസർ എന്നിവരുടെയും മൊഴികൾ രേഖപ്പെടുത്തി. തുടർനടപടികൾക്കായി 22-ന് ആർ.ഡി.ഒ. ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് ആർ.ഡി.ഒ. നിർദേശിച്ചു.