അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചത് ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴചയെന്ന് ആക്ഷേപം. വടക്കേ കടമ്പാറ ഊരിലെ കുമാർ– ദീപ ദമ്പതികളുടെ മകൻ കൃഷവിനെ ആണ് ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപ് കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിൽ വച്ച് തന്നെ കുട്ടി മരിക്കുകയായിരുന്നു. മന്ത്രി വീണ ജോർജിന്റെ പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ ഒതുങ്ങി എന്നാണ് അട്ടപ്പാടിയിലെ ആദിവാസകളുടെ ആക്ഷേപം. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ഇപ്പോഴും ന്യൂമോണിയക്ക് ചികിൽസക്ക് സൗകര്യമില്ല. ആദിവാസികൾക്ക് പ്രത്യേക മുൻഗണനയോ പരിഗണനയോ ലഭിക്കാത്ത കോയമ്പത്തൂർ മെഡിക്കൽ കേളജിൽ രോഗിയെ അയച്ചത് ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചയാണെന്നും ന്യൂമോണിയയുടെ ലക്ഷണങ്ങൾ ആരോഗ്യ ഫീൽഡ് വിഭാഗം കൃത്യമായി നേക്കിയിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ രക്ഷിക്കമായിരുന്നുവെന്നും വിമർശനമുണ്ട്. ആദിവാസി ഫണ്ട് വാങ്ങിയാണ് ആശുപത്രിയിൽ പ്രവർത്തനങ്ങൾ നടത്തുന്നതെങ്കിലും നിലവിലെ നടത്തിപ്പ് ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയല്ല. ആദിവാസി ഫണ്ട് വലിയതോതിൽ കൊള്ളയടിക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്നും ആദിവാസി മഹാസഭ നേതാവ് ടി. ആർ ചന്ദ്രൻ ആവശ്യപ്പെട്ടു.