പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് മാർച്ച് 4, 5 തീയതികളിൽ ഭവന സന്ദർശന വേളയിൽ വോളിന്റിയർമാർ തുള്ളിമരുന്ന് നൽകുന്നതാണ്.
മാർച്ച് മൂന്നിന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. എല്ലാ രക്ഷാകർത്താക്കളും 5 വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ നിർമ്മാർജന തീവ്രയജ്ഞത്തിൽ പങ്കാളികളാകണമെന്ന് ആരോഗ്യമന്ത്രി വീണജോർജ് അഭ്യർത്ഥിച്ചു.