സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ

സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ യാഥാർത്ഥ്യത്തിലേക്ക്. 40 പുതിയ ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഡിസ്പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്പെൻസറികൾ ആരംഭിക്കുന്നതെന്ന് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.