വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതൽ 19 വയസ് വരെ പ്രായമുള്ളവർക്ക് വിര നശീകരണ ഗുളിക നൽകും. സ്കുളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്ന് ഗുളിക നൽകും. സ്കൂളിലെത്താത്ത കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകും. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.