അപൂർവ ഗര്ഭധാരണത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്, ആറുമാസം അമ്മയുടെ ഗർഭപാത്രത്തിന് പുറത്ത് ജീവിച്ച കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഒരാഴ്ച്ചയായി സഹിക്കാൻ കഴിയാത്ത വയറുവേദനയുമായാണ് മഡഗാസ്കറിലെ 37കാരി ആശുപത്രിയിൽ എത്തിയത്. ഉടൻ തന്നെ ഇവരെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തി. എന്നാൽ 23 ആഴ്ച ഗർഭിണിയാണെങ്കിലും യുവതിയുടെ ഗർഭപാത്രം ശൂന്യമായിരുന്നു. ഗർഭപാത്രത്തിനുള്ളിൽ കുഞ്ഞ് ഉണ്ടായിരുന്നില്ല. കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അമ്മയുടെ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന എക്റ്റൊപിക് പ്രഗ്നനസി അഥവാ ഗർഭാശയേതര ഗർഭം എന്ന അവസ്ഥയിലാണ് യുവതി എന്നറിഞ്ഞ മെഡിക്കൽ സംഘം യുവതിയെ ഉടൻ തന്നെ പ്രത്യേക ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സകൾക്ക് ശേഷം 29-ാം ആഴ്ചയിൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയും ചെയ്തു. കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രണ്ടുമാസത്തിന് ശേഷം അമ്മയും കുഞ്ഞും ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ന്യൂ ഇംഗ്ലണ്ട് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേസിന്റെ വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.