മൺറോത്തുരുത്തിൽ കഴിഞ്ഞ മാസം അഞ്ചിന് കായലിൽ മുങ്ങി മരിച്ച ഹെൽത്ത് ഇൻസ്പെക്ടറുടെ മരണത്തിൽ ദുരൂഹതയെന്ന് അമ്മയുടെ പരാതി. ‘അമ്മ ബീന മകൻ ലാൽ കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നു കാട്ടി മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എൻ.കെ.പ്രേമചന്ദ്രൻ എംപിക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി. ലാൽ കൃഷ്ണ കായലിൽ വീണു മരിച്ചെന്നു കൂടെയുണ്ടായിരുന്നവർ പറഞ്ഞ പ്രകാരമാണ് പൊലീസ് കേസെടുത്തു അന്വേഷണം നടത്തിയത്. എന്നാൽ കൂടെയുണ്ടായിരുന്നവർ പറയുന്നതിൽ ദുരൂഹതയുണ്ടെന്ന് ‘അമ്മ ബീന പറയുന്നു. ‘കടയ്ക്കൽ സ്വദേശിയായ സുഹൃത്തുൾപ്പെടെ ഫോൺ ചെയ്തതിനെ തുടർന്നാണ് ലാൽ കൃഷ്ണ വീട്ടിൽ നിന്നു പോയത്. 9 മാസം മുൻപാണ് ലാൽ കൃഷ്ണക്ക് ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ലഭിച്ചത്. പത്തനംതിട്ട സീതത്തോട് ആരോഗ്യ കേന്ദ്രത്തിലായിരുന്നു ജോലി. കൂട്ടുകാരോടൊപ്പം പോയ ലാൽ കൃഷ്ണ അപസ്മാരം വന്ന് കുണ്ടറയിൽ ആശുപത്രിയിൽ ആണെന്ന് അന്നേ ദിവസം വൈകിട്ട് കടയ്ക്കലുള്ള സ്വകാര്യ മെഡിക്കൽ സ്റ്റോർ ഉടമ വീട്ടിൽ വന്ന് അറിയിച്ചു. വൈകിട്ട് നാട്ടുകാർ വീട്ടിൽ കൂടിയപ്പോഴാണു മകൻ മരിച്ചെന്ന വിവരം അറിയുന്നത്. ഏത് രീതിയിൽ, എവിടെ വച്ച് , എങ്ങനെ മരിച്ചു എന്ന് എനിക്ക് വ്യക്തത ഇല്ല’’. എന്നും ‘അമ്മ ബീന പരാതിയിൽ പറയുന്നു.