ബൈപോളാര്‍ ഡിസോര്‍ഡര്‍ രോഗനിര്‍ണയത്തിനായി ലളിതമായ രക്തപരിശോധന വികസിപ്പിച്ച് കേംബ്രിജ് സര്‍വകലാശാലയിലെ ഗവേഷകര്‍. അതിയായ ഉന്മാദവും അതിനു ശേഷം അതികഠിനമായ വിഷാദവും മാറി മാറി അനുഭവിക്കുന്ന രോഗാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. ബൈപോളാര്‍ ഡിസോര്‍ഡര്‍ ബാധിച്ച രോഗികളിലെ 30 ശതമാനത്തെയും ഈ രക്തപരിശോധനയിലൂടെ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. രക്തപരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ വിദഗ്ധന്റെ നിരീക്ഷണം കൂടിയായാല്‍ കൂടുതല്‍ കാര്യക്ഷമമായ രോഗനിര്‍ണയം സാധ്യമാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തിലെ ചില ബയോമാര്‍ക്കറുകളാണ് വ്യക്തിയുടെ ബൈപോളാര്‍ ഡിസോഡറിനെ പറ്റി വിലപ്പെട്ട സൂചനകള്‍ നല്‍കുന്നതെന്ന് ജാമാ സൈക്യാട്രി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. കൃത്യ സമയത്ത് രോഗിക്ക് ചികിത്സ ഉറപ്പാക്കാനും വിശദമായ മാനസികാരോഗ്യ പരിശോധനകളിലേക്ക് നയിക്കാനും രക്തപരിശോധന സഹായിക്കുമെന്നാണ് ഗവേഷരുടെ വാദം. ബൈപോളാര്‍ ഡിസോഡര്‍ അനുഭവിക്കുന്ന എട്ടു കോടിയോളം പേര്‍ ലോകത്തിലുണ്ടെന്നാണ് കണക്ക്.