ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും

ഗ്രീന്‍ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇതുവഴി വിവിധ സൂക്ഷ്മാണുക്കളേയും അണുബാധകളെയും രോഗങ്ങളെയും എളുപ്പത്തില്‍ ചെറുക്കാന്‍ ശരീരത്തിന് സാധിക്കും.

ഗ്രീന്‍ ടീയിലെ എപിഗല്ലോകാറ്റച്ചിന്‍ ഗാലേറ്റ് പ്രകൃതിദത്ത അലര്‍ജി വിരുദ്ധ ഘടകമാണ്, ഇത് ഹിസ്റ്റമിന്‍, ഇമ്യൂണോഗ്ലോബുലിന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് കാരണമാകുന്ന പ്രധാന സെല്‍ റിസപ്റ്ററുകളെ തടയുന്നു. ഈ സംയുക്തങ്ങളാണ് നമ്മുടെ ശരീരത്തിലെ മിക്ക അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത്. അവയുടെ ഉത്പാദനം തടയുന്നതിലൂടെ, പൂമ്പൊടി, വളര്‍ത്തുമൃഗങ്ങളുടെ രോമം, പൊടി തുടങ്ങിയ മിക്ക അലര്‍ജികളോടും നമ്മുടെ ശരീരം പ്രതികരിക്കുന്നതില്‍ നിന്ന് ഗ്രീന്‍ ടീ തടയുന്നു.

അമിത മാനസിക സമ്മര്‍ദ്ദം ഒരാളുടെ ശാരീരികവും മാനസികവും വൈകാരികവുമായ ആരോഗ്യം മോശമാക്കും. അമേരിക്കന്‍ ബൊട്ടാണിക്കല്‍ കൗണ്‍സില്‍ നടത്തിയ ഗവേഷണമനുസരിച്ച്, ഗ്രീന്‍ ടീയിലെ പോളിഫെനോള്‍ തലച്ചോറിലേക്ക് ഗ്ലൂക്കോസിന്റെ സ്ഥിരമായ വിതരണം നല്‍കാനും സമ്മര്‍ദ്ദവും വിഷാദവും കുറയ്ക്കാനും സഹായിക്കുന്നു.

ഗ്രീന്‍ ടീയിലെ തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും പ്രകൃതിദത്തമായ ആന്റി ഡിപ്രസന്റായി പ്രവര്‍ത്തിക്കുകയും സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.

ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ളതിനാല്‍ തന്നെ, ഗ്രീന്‍ ടീ, ദന്തക്ഷയം, ദന്തരോഗങ്ങള്‍, വായ് നാറ്റം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെയും വൈറസുകളുടെയും വളര്‍ച്ചയെ തടയുന്നു.