പ്രായമായവരിൽ വിഷാദ രോഗവും ഉത്കണ്ഠയും കൂടുന്നതായി ലോകാരോഗ്യസംഘടന. 60 വയസ്സോ അതിൽക്കൂടുതലോ ഉള്ള പലർക്കും നല്ല ആരോഗ്യമുണ്ടെങ്കിലും വിഷാദരോഗം, ഉത്കണ്ഠാ രോഗങ്ങൾ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. പലർക്കും ചലനശേഷി കുറയുക, വിട്ടുമാറാത്ത വേദന, ബലഹീനത, മേധാക്ഷയം എന്നിവയും അനുഭവപ്പെട്ടേക്കാം. അതിനാൽ അവർക്ക് ദീർഘകാല പരിചരണം ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു. ആഗോളതലത്തിൽ മുതിർന്നവരിൽ 14 ശതമാനംപേരും വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന ഗ്ലോബൽ ഹെൽത്ത് എസ്റ്റിമേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡബ്ലിയു എച്ച ഓ പ്രസ്‌താവന നടത്തിയത്.