നട്ടെല്ല് നിവർത്തി ഇരിക്കണമെന്ന വർഷങ്ങളായുള്ള സിയയുടെ സ്വപ്നം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറിയിലൂടെ പൂവണിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. എസ്.എം.എ എന്ന അപൂർവ്വ രോഗം ബാധിച്ച സിയയ്ക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസംമുട്ട് ഉണ്ടായില്ലെന്നും എട്ടുമണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയയിലൂടെ നട്ടെല്ലിലെ കശേരുക്കളിൽ ടൈറ്റാനിയം നിർമിത റോഡുകളുൾപ്പെടെയുള്ളവ ഘടിപ്പിച്ചു വളവ് നേരെയാക്കിയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചിലവ് വരുന്ന സർജറി ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യമായാണ് ചെയ്തത്. എസ്.എം.എ ബാധിതരായ 40 കുട്ടികൾക്ക് ഒരു വയലിന് ആറ് ലക്ഷം രൂപ വീതം വിലവരുന്ന മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഒരു സംസ്ഥാനം അപൂർവ രോഗത്തിന് സൗജന്യമായി മരുന്ന് നൽകുന്നത്. സെന്റർ ഓഫ് എക്സലൻസായി കേന്ദ്ര സർക്കാർ ഉയർത്തിയ എസ്.എ.ടിയിലൂടെ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര ചികിത്സ നൽകാൻ കഴിയും. ഇത്തരം രോഗം ബാധിച്ച കുഞ്ഞുങ്ങൾ ഇനി മാതാപിതാക്കളുടെ സ്വകാര്യ ദുഃഖമായി മാറരുതെന്നും അവർക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ചികിത്സ സംസ്ഥാന സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.