അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ സർക്കാർ തലത്തിൽ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതായി മന്ത്രി വേണ ജോർജ്. ആദ്യഘട്ടത്തില്‍ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കുള്ള മരുന്നാണ് സൗജന്യമായി ലഭ്യമാക്കാന്‍ ആരംഭിച്ചത്. ഒരു വയലിന് 6 ലക്ഷം രൂപ വീതം വിലവരുന്ന 450 യൂണിറ്റ് മരുന്നുകളാണ് നല്‍കിയത്. 40 കുഞ്ഞുങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.
സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതിയിലൂടെ പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എസ്.എം.എ. ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിജയകരമായി നടത്തിയിരുന്നു. ഇതിനോടനുബന്ധമായി മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി എസ്.എ.ടി. ആശുപത്രിയില്‍ ജനിറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. സമാനമായ മറ്റ് അപൂര്‍വ രോഗങ്ങള്‍ ഉള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം വകുപ്പ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.