പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠനം

ലണ്ടൻ: പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 40-നും 69-നും ഇടയില്‍ പ്രായമായവരില്‍ നിന്നും വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ലീപ്പ് ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍, യൂണിവേഴ്സിറ്റി ഓഫ് റിപ്പബ്ലിക് ഓഫ് ഉറുഗ്വേ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരുടെ അഭിപ്രായത്തില്‍ പവര്‍ നാപ്‌സ് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. പഠനത്തിനായി, 35,080 ആളുകളുടെ ഡിഎന്‍എ സാമ്പിളുകളും ബ്രെയിന്‍ സ്‌കാനുകളും വിശകലനം ചെയ്യാനായി ഗവേഷകര്‍ മെന്‍ഡലിയന്‍ റാന്‍ഡമൈസേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചത്. നാപ്പര്‍മാരും അല്ലാത്തവരും തമ്മിലുള്ള മസ്തിഷ്‌ക വലുപ്പത്തിന്റെ വ്യത്യാസത്തെ കുറിച്ചും ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. പകല്‍ ഉറക്കം പ്രായമാകുന്തോറും തലച്ചോര്‍ ചുരുങ്ങുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. പ്രതിദിനം 30 മിനിറ്റ് നേരം ഉറങ്ങുന്നത് മസ്തിഷ്‌ക ചുരുങ്ങല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.