ന്യൂഡൽഹി: ഒമ്പത് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് അസുഖബാധിതയായിരുന്ന സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ച് ഡല്‍ഹി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍. സാവിത്രി ദേവി എന്ന 51 വയസ്സുകാരിയുടെ തലച്ചോറിലാണ് പേസ്മേക്കര്‍ അഥവാ ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷന്‍ ഇംപ്ലാന്റ് ചെയ്തത്. തുടക്കത്തില്‍ വിറയലും ചലനങ്ങള്‍ക്ക് നേരിയ തടസ്സവും മാത്രമായിരുന്നു സാവിത്രിയില്‍ പ്രകടമായിരുന്ന ലക്ഷണങ്ങള്‍. എന്നാല്‍, പിന്നീട് നില വഷളാവുകയായിരുന്നു. തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്ന പുതിയ തരം ശസ്ത്രക്രിയയാണ് ഡീപ്പ് ബ്രെയിന്‍ സ്റ്റിമ്യുലേഷനെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. തലച്ചോറിന്റെ ഇരുവശങ്ങളിലേക്കുമായി രണ്ട് ഇലക്ട്രോഡുകള്‍ കടത്തിവിടുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്.