ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല

കോസ്റ്റാറിക്ക: ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇണ ചേരാതെ സ്വയം ഗര്‍ഭിണിയായി മുതല. കോസ്റ്റാറിക്കയിലെ മൃഗശാലയിലാണ് അപൂര്‍വ സംഭവം. 18 വയസ്സുള്ള അമ്മ മുതലയുമായി ഭ്രൂണത്തിന് 99.9 ശതമാനം ജനിതക സാമ്യം ഉണ്ടെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തി. മുതലയുടെ വെര്‍ജിന്‍ ബെര്‍ത്തിനെക്കുറിച്ച് ബയോളജി ലെറ്റേഴ്‌സ് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചത്. രണ്ട് വയസുള്ളപ്പോഴാണ് ഈ മുതലയെ അമേരിക്കയില്‍ നിന്ന് കോസ്റ്റാറിക്കയിലെ മൃഗശാലയിലെത്തിച്ചത്. മറ്റ് മുതലകള്‍ക്കൊപ്പം കൂട്ടുകൂടാതെ ഒറ്റയ്ക്കാണ് മുതല വളര്‍ന്നതെന്നും, മുട്ടയിട്ട് മൂന്നുമാസം കഴിഞ്ഞാണ് ശ്രദ്ധയില്‍ പെടുന്നതെന്നും മൃഗശാലയിലെ ജീവനക്കാര്‍ പറഞ്ഞു. സ്രാവ്, പക്ഷികള്‍, പാമ്പുകള്‍, പല്ലി എന്നിവയ്ക്കും ചില സമയങ്ങളില്‍ ഇണ ചേരാതെ തന്നെ കുഞ്ഞുങ്ങളുണ്ടാവാറുണ്ട്. ഇത്തരം പ്രതിഭാസത്തെ പാര്‍ത്തനോജെനസിസ് എന്നാണ് വിളിക്കുന്നത്.