ഡൽഹി: ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമൊപ്പം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷകരും മറ്റ് ചില സ്ഥാപനങ്ങളും സഹകരിച്ച് ദേശീയതലത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്കാരില്‍ 35.5 ശതമാനം രക്താതിസമ്മര്‍ദവും 11.4 ശതമാനം പ്രമേഹവും ഉള്ളതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 15.3 ശതമാനം ഇന്ത്യക്കാര്‍ പ്രമേഹത്തിന് മുന്‍പുള്ള പ്രീ ഡയബറ്റിക് ഘട്ടത്തിലാണെന്നും 81.2 ശതമാനം പേര്‍ക്കും എല്‍ഡിഎല്‍, എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ തമ്മില്‍ സന്തുലനമില്ലാത്ത അവസ്ഥയായ ഡിസ് ലിപിഡിമിയ ഉണ്ടെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2008നും 2020നും ഇടയില്‍ നടത്തിയ സര്‍വേയില്‍ 28 സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 1,13,043 പേര്‍ പങ്കെടുത്തു.