ചെന്നൈ: കേരളത്തിന് പിന്നാലെ മഴയില്‍ മുങ്ങി ചെന്നൈ നഗരം. പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും, പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവറിയിച്ചെത്തിയ മഴ മണിക്കൂറുകളോളം ശക്തമായി പെയ്തു. ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാഞ്ചീപുരം, ചെങ്കല്‍പട്ട്, കടലൂര്‍, തിരുച്ചി, പേരാമ്പ്ര എന്നിവയുള്‍പ്പെടെ 13 ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെത്തുടര്‍ന്ന് ചെന്നൈ, കാഞ്ചീപുരം, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍ എന്നിവിടങ്ങളില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലിറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിടുകയുണ്ടായി.