ന്യൂ ഡൽഹി: രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. എൻഎംസിയും അണ്ടർഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡും കോളജുകളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗുജറാത്ത്, അസം, പുതുച്ചേരി, പഞ്ചാബ്, ആന്ധ്രാ പ്രദേശ്, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളാണ് എൻഎംസിയുടെ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ട്. നിലവിൽ 40 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കോളജ് ഫാക്കൽറ്റിയുടെ അപര്യാപ്തതയും നിയമാനുസൃതമായി പ്രവർത്തിക്കാത്തതുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പരിശോധന സമയത്ത് മിക്ക ഫാക്കൽറ്റിയും സ്ഥലത്തുണ്ടായിരുന്നില്ലെന്നും, ആധാറുമായി യോജിപ്പിച്ച ബയോമെട്രിക് ഹാജർ രീതിയിൽ വീഴ്ച വരുത്തിയതായും സിസിടിവി ക്യാമറകളുടെ പ്രവർത്തനവും മിക്ക കോളജുകളിലും താറുമാറായി കിടക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നടപടിക്കൊരുങ്ങുന്ന കോളജുകൾക്ക് അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം എൻഎംസി നൽകിയിട്ടുണ്ട്. കൃത്യമായ ഫാക്കൽറ്റി ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ കോളജുകൾക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യ ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാർത്തകളുടെ ഔദ്ഗ്യോഗിക വിശദീകരണങ്ങൾ ഒന്ന് തന്നെ പുറത്തുവന്നിട്ടില്ല.