ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ആംബുലൻസിൽ പ്രസവിച്ചു

ആറ്റിങ്ങൽ: ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. ആറ്റിങ്ങല്‍ കോരാണി ചെമ്പകമംഗലം സ്വദേശിനിയായ 28കാരിയാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ബന്ധുക്കള്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ആംബുലന്‍സ് പൈലറ്റ് സുജിത്ത് ബി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിവേക് ബി ആര്‍ എന്നിവര്‍ യുവതിയുമായി എസ് എ ടി ആശുപത്രിയിലേയ്ക്ക് തിരിച്ചു. ആംബുലന്‍സ് കഴക്കൂട്ടം എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില വഷളായി. തുടര്‍ന്ന് വിവേക് നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി. ഉടന്‍ തന്നെ ആംബുലന്‍സില്‍ പ്രസവത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. പ്രസവശേഷം അമ്മയെയും കുട്ടിയെയും സുരക്ഷിതമായി ഇരുവരും എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.