ഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ കൂടുതലും ബാധിക്കുന്നത് 15 വയസ്സിന് താഴെയുള്ള കുട്ടികളിലെന്ന് റിപ്പോർട്ട്. കുട്ടികളിൽ രോഗലക്ഷണങ്ങൾ വളരെ കുറവാണെങ്കിലും രോഗവ്യാപനം തടയുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. വൈറൽ അണുബാധകളും, ആർഎസ്‌വി, ഫ്ലൂ, അഡെനോവൈറസ് തുടങ്ങിയവയുള്ള കുട്ടികളാണെങ്കിൽ അതീവ ജാഗ്രത പാലിക്കണം. വാക്‌സിൻ എടുക്കാൻ സാധിക്കുമെങ്കിൽ കുട്ടികൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കണം, കൃത്യമായ ഇടവേളകളിൽ കൈകാലുകൾ കഴുകാൻ കുട്ടികളെ ശീലിപ്പിക്കണം. പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. കൊവിഡ് കേസുകളുടെ നിലവിലെ വർദ്ധനവിനെ നിസ്സാരമായി കാണരുതെന്നും പ്രമേഹം, ആസ്ത്മ, ഹൃദ്രോഗം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും വിദഗ്ധർ പറയുന്നു.