തൃശൂർ: തൃശ്ശൂരിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ക്രിമിനൽ കേസ് പ്രതികളെ നാട്ടുകാരുടെ ഇടപെടലിൽ പൊലീസ് പിടികൂടി. മൂന്ന് പേരും ചേർന്ന് പുതുക്കാട് മറവാഞ്ചേരിയിൽ ബസിറങ്ങി സമീപത്തെ വീട്ടിൽ കയറി സംഘത്തിലെ ഒരാൾക്ക് മാരക രോഗമാണെന്നും ചികിത്സക്ക് സാമ്പത്തിക സഹായവും ചോദിച്ചു. പണമെടുക്കാൻ അകത്തേക്ക് പോയ തക്കത്തിന് അകത്തുകടന്ന് വീട്ടമ്മയെ ആക്രമിച്ച് കവർച്ച നടത്താനായിരുന്നു പദ്ധതി. ഇതിനിടെ അടുത്തവീട്ടിലെ ബന്ധു എത്തിയതോടെ ഇവരുടെ കവർച്ചാ പദ്ധതി പാളി. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാർ മൂവരെയും നിരീക്ഷിക്കുകയും പൊലീസിൽ വിവരം അറിയിയിക്കുകയുമായിരുന്നു. എടത്തുരുത്തി സ്വദേശി സായൂജ് , ചെമ്മപ്പിള്ളി സ്വദേശി അനീഷ്, കാട്ടൂർ സ്വദേശി പ്രകാശൻ എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ പോലീസ് പിടികൂടിയത്. പിടിയിലായവരിൽ സായൂജ് നിരവധി സ്റ്റേഷനുകളിൽ 20 ഓളം ക്രിമിനൽ കേസുകളിലും, അനീഷ് ആറോളം മോഷണ കേസുകളിലും പ്രതിയാണെന്ന് ചാലക്കുടി ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.