കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ദിവസം പെയ്തത് ആസിഡ് മഴയാണോ അല്ലയോ എന്നുള്ള വാദപ്രതിവാദങ്ങൾ മുറുകുകയാണ്. ബ്രഹ്മപുരത്തെ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ആസിഡ് മഴയെന്ന പ്രചാരണം ശക്തമായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ ദിവസങ്ങളോളം തുടർച്ചയായി കത്തിയതുമൂലം വായുവിൽ രാസമലിനീകരണ തോത് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. അതിനാൽ മഴയിൽ ഇവയുടെ സാന്നിധ്യം കൂടുതലായിരിക്കുമെന്ന് ആസിഡ് മഴയെന്ന വാദമുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. വരുന്ന അഞ്ചുദിവസം കൂടി ജില്ലയിൽ മഴ മുന്നറിയിപ്പുണ്ട്. അതേസമയം കൊച്ചിയിൽ പെയ്തത് ആസിഡ് മഴയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വ്യക്തമാക്കി. പരിശോധനയ്ക്കായി ബ്രഹ്മപുരത്തെ പ്രദേശങ്ങളിലെ മഴവെള്ളവും കിണറുകളിലെ വെള്ളവും ശേഖരിച്ചിട്ടുണ്ട്. പരിശോധനാ ഫലം വരാൻ മൂന്നുദിവസമെങ്കിലും എടുക്കുമെന്ന് ബോർഡ് ചെയർമാൻ പറഞ്ഞു.