കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ടാറ്റാ കൊവിഡ് ആശുപത്രി പുനർനിർമിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടത്തിൽ അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാൻ 23.75 കോടി രൂപ അനുവദിച്ചു. ടാറ്റ കമ്പനി നിർമിച്ചു നൽകിയ പ്രീ – ഫാബ്രിക്കേറ്റഡ് സംവിധാനം പൊളിച്ചുമാറ്റിയായിരിക്കും പുനർ നിർമാണം. സ്‌പെഷ്യാലിറ്റി നിലവാരത്തിൽ 50 കിടക്കകളുള്ള അതി തീവ്ര പരിചരണ വിഭാഗമാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്. കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയോട് അനുബന്ധിച്ചായിരിക്കും ആശുപത്രി പ്രവർത്തനങ്ങൾ ക്രമീകരിക്കുക. കൊവിഡ് കാലത്ത് ചട്ടഞ്ചാലിൽ ആരംഭിച്ച ടാറ്റാ ആശുപത്രിയുടെ പ്രവർത്തനം നിലച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.